Sunday, April 13, 2025
Kerala

ബ്രഹ്മപുരം തീപിടുത്തം: പുക ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്നുയരുന്ന പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും. ഹിറ്റാച്ചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ബ്രഹ്മപുരം തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നടപ്പാക്കുന്ന പ്രത്യേക കർമ്മ പദ്ധതിക്കും ഇന്ന് തുടക്കമാകും. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു വരില്ലെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം നടത്തി സംസ്കരിക്കാനാണ് തീരുമാനം.

ഇതിനിടെ, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തിൽ നിർണ്ണായക ഇടപെടലുമായി കേരള ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരുൾപ്പെട്ടതാണ് സമിതി. ബ്രഹ്മപുരത്ത് പരിശോധന നടത്തി സമിതി റിപ്പോർട്ട് സമർപ്പിക്കണം. എട്ട് സെക്ടറുകളിൽ ആറ് സെക്ടറിലെ തീ അണച്ചു എന്നും രണ്ട് സെക്ടറുകളിൽ പുക ഉയരുന്നുണ്ട് എന്നും കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *