കെപിസിസി നേതൃയോഗം ഇന്ന് കൊച്ചിയില്‍; കെ സുധാകരന്റെ നികുതി ബഹിഷ്‌കരണ പ്രസ്താവനയും ചര്‍ച്ചയാകും
കെപിസിസി നേതൃയോഗം ഇന്ന് എറണാകുളത്ത് ചേരും. രാവിലെ 10ന് ഡിസിസിയിലാണ് യോഗം ചേരുക.സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധനസെസിന് എതിരെയുള്ള തുടര്‍ സമരപരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നികുതി ബഹിഷ്‌കരണം എന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ഉള്‍പ്പെടെ ചര്‍ച്ചയാകും.
കോണ്‍ഗ്രസ് പുന:സംഘടന നടപടികളും യോഗം വിലയിരുത്തിയേക്കും.ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എഐസിസി പ്രഖ്യാപിച്ച ഹാഥ് സേ ഹാഥ് ജോഡോ പ്രചാരണത്തിനും സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. പ്രചാരണത്തിന്റെ ഭാഗമായ ബൂത്തുതല ഭവന സന്ദര്‍ശനം ഇന്ന് രാവിലെ കൊച്ചിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉത്ഘാടനം ചെയ്യും.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം വിതരണം ചെയ്യുന്നതിന് ഒപ്പം ഭാരത് ജോഡോ യാത്രയുടെ സന്ദേശവും പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിക്കും. കെപിസിസിയുടെ ധനശേഖരണാര്‍ത്ഥമുള്ള 138രൂപ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് കൊച്ചിയില്‍ നടക്കും.