പാലക്കാട് വൻ സ്പിരിറ്റ് വേട്ട; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർ 1400 ലിറ്റർ സ്പിരിറ്റുമായി പിടിയിൽ
പാലക്കാട് കൊഴിഞ്ഞാമ്പറയിൽ വൻ സ്പിരിറ്റ് വേട്ട. 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്പിരിറ്റ് നിറച്ച കന്നാസുകൾ
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ണാമടയിൽ നടത്തിയ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിൽ 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവർ പിടിയിലായി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മണൽതോട് ഭാഗത്തും സ്പിരിറ്റ് ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം എക്സൈസിന് ലഭിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ 17 കന്നാസുകൾ കൂടി കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശി വിനേഷിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ വൈക്കോൽ കൂനയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. ഇയാളുടെ അറസ്റ്റും എക്സൈസ് രേഖപ്പെടുത്തി.
ആകെ 42 കന്നാസുകളിൽ ആയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കള്ള് നിർമ്മിക്കാൻ സൂക്ഷിച്ചവയെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്ക് സ്പിരിറ്റ് എവിടെ നിന്ന് ലഭിച്ചു എന്ന് അടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ചു പോരുകയാണ്.