Sunday, January 5, 2025
Kerala

പത്തനംതിട്ട നരബലി; രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി

പത്തനംതിട്ടയുടെ നരബലിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഒരു തലയോട്ടി, ഒരു ചുവന്ന കുട തുടങ്ങിയവയും കണ്ടെത്തിയതിൽ പെടുന്നു. സ്ഥലത്തുനിന്ന് പ്രതി പറഞ്ഞ തെളിവുകളും കണ്ടെത്തി. ആഴമുള്ള കുഴിയിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് ആംബുലൻസിലേക്ക് മാറ്റുകയാണ്. നേരത്തെ ആദ്യത്തെയാളുടെ ശരീരാവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. ഇത് ഉടൻ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും

ഒരു കുഴിയിൽ ശരീരഭാഗങ്ങൾ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാ​​ഗങ്ങൾ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചന. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.

കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഒകടോബർ 28ന് എറണാകുളം പത്തടി പാലം റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *