കടുവ വിഷയം: വയനാട്ടിലെ ചീരാൽ വില്ലേജിൽ ഹർത്താൽ ആരംഭിച്ചു
സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്തു തുടരുന്ന കടുവ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ചീരാൽ വില്ലേജ് പരിധിയിൽ ഇന്ന് ജനകീയ ഹർത്താൽ.
സംയുക്ത സമരസമിതിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.
കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. അവശ്യസർവീസുകൾക്ക് ഉള്ള വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. മറ്റു വാഹനങ്ങളെ വില്ലേജ് പരിധിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നുണ്ട്.
എന്നാൽ വില്ലേജിന് പുറത്തുള്ള സ്കൂൾ ബസ്സുകളെയും ദീർഘദൂര ബസ്സുകളെയും അനുവദിക്കും.
ഹർത്താലിനോട് അനുബന്ധിച്ച് പഴൂർ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. ചീരാലിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ ആയിരങ്ങൾ അണിനിരക്കും.