Thursday, January 2, 2025
Kerala

മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

തിരുവനന്തപുരം മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ക്രെയിനുകളുപയോഗിച്ച് പുലിമുട്ടിന് സമീപം കുരുങ്ങിക്കിടക്കുന്ന ബോട്ടും വലയും വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. കാണാതായ മത്സ്യത്തൊഴിലാളികൾ വലയ്ക്കുള്ളിൽ കുടുങ്ങിപോയതാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കടലിലെ അടിയൊഴുക്കും കാറ്റും രക്ഷപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

ഇന്നലെ തിരുവല്ലം പനത്തുറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനായി ഉടൻ ഡിഎൻഎ പരിശോധന നടത്തും. തിങ്കളാഴ്ച്ച ഉച്ചയോടെ മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തിൽ ബോട്ടുടമയുടെ വിദ്യാർഥികളായ രണ്ട് മക്കളടക്കം മൂന്ന് പേരെയാണ് കാണാതായത്. രണ്ട് പേർ അപകടത്തിൽ മരിച്ചിരുന്നു.

ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മക്കളും വിദ്യാർഥികളുമായ മുഹമ്മദ് ഉസ്മാൻ(19), മുഹമ്മദ് മുസ്തഫ(16), രാമന്തളി സ്വദേശി അബ്ദുൽസമദ് (50) എന്നിവർക്കു വേണ്ടിയാണു തെരച്ചിൽ നടത്തുന്നത്. ബോട്ടിൽ ഉണ്ടായിരുന്നത് ആകെ 23 മത്സ്യത്തൊഴിലാളികളാണ്. ഇതിൽ രണ്ട് പേർ മരിച്ചിരുന്നു. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്.

മുതലപ്പൊഴിയിൽ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളമാണ് ഈ മാസം അഞ്ചിന് ഉച്ചയോടെ അപകടത്തിൽ പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മർവ എന്ന ബോട്ടാണ് തിരയിൽ പെട്ട് മറിഞ്ഞത്. മറ്റ് ബോട്ടുകളിലായെത്തിയ മത്സ്യത്തൊഴിലാളികൾ 9 പേരെ രക്ഷപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *