താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന
കോഴിക്കോട് താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യയെ വഴിയിൽ ഇറക്കി വിട്ട ശേഷം ഭർത്താവുമായി സംഘം കടന്നുകളയുകയായിരുന്നു. വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
താമരശ്ശേരി സ്വദേശികളായ പരപ്പൻപയിൽ ഷാഫി, ഭാര്യ സാനിയ എന്നിവരെയാണ് ആയുധധാരികളായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിൽ നിന്ന് കൊണ്ടുപോയ ഇവരിൽ സാനിയയെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഷാഫിയെ വീട്ടിൽ നിന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചതിനിടെ സാനിയ തടയുകയായിരുന്നു. ഇതോടെ തന്നെയും കാറിലേക്ക് വലിച്ചിടുകയായിരുന്നെന്ന് സാനിയ പ്രതികരിച്ചു. ഡോർ അടയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുറച്ചുദൂരം പോയ ശേഷമാണ് തന്നെ വഴിയിൽ ഇറക്കിവിട്ടതെന്നും സംഘം മുഖംമൂടി ധരിച്ചിരുന്നെന്നും സാനിയ പറഞ്ഞു.
നാല് വർഷം മുൻപ് ഷാഫി ദുബായിൽ ബിസിനസ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇയാൾക്ക് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വർഷമായി ഷാഫി നാട്ടിൽതന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാൾ സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടിൽ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാർ പറയുന്നു.