പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടെന്ന് സൂചന
താമരശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. പ്രവാസി യുവാവ് ഷാഫിയെ തട്ടിക്കൊണ്ടുപോയതില്‍ അന്വേഷണം ഊര്‍ജിതം. സൗദി അറേബ്യയില്‍ വച്ച് കോടികളുടെ സ്വര്‍ണം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മുന്നൂറ് കിലോ സ്വര്‍ണം വില്‍പ്പന നടത്തിയതിന്റെ പേരിലാണ് തര്‍ക്കമെന്നാണ് വിവരം.
പണം നല്‍കുന്നില്ലെന്ന് ആരോപിച്ച് ഒരു സംഘം നേരത്തെ ഷാഫിക്കെതിരെ പരാതി നല്‍കിയിരുന്നു. ഒന്നരക്കോടി രൂപ ഷാഫിയില്‍ നിന്ന് കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ സംഘമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച ആദ്യ സൂചന.
താമരശ്ശേരി സ്വദേശികളായ പരപ്പന്‍പൊയില്‍ ഷാഫി, ഭാര്യ സാനിയ എന്നിവരെയാണ് ആയുധധാരികളായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ നിന്ന് കൊണ്ടുപോയ ഇവരില്‍ സാനിയയെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. ഷാഫിയെ വീട്ടില്‍ നിന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചതിനിടെ സാനിയ തടയുകയായിരുന്നു. ഇതോടെ തന്നെയും കാറിലേക്ക് വലിച്ചിടുകയായിരുന്നെന്ന് സാനിയ പറഞ്ഞു.
നാല് വര്‍ഷം മുന്‍പ് ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ഷാഫി കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടില്‍തന്നെയാണ്. അതിനിടെ കൊടുവള്ളി സ്വദേശിയായ ഒരാള്‍ സാമ്പത്തിക ഇടപാടിന്റെ പേരില്‍ വീട്ടില്‍ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.