ബ്രഹ്മപുരം തീപിടുത്തം; പുക നിറഞ്ഞ് ശ്വാസം മുട്ടി കാക്കനാട്
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്നുള്ള പുക കൊച്ചിയുടെ ജീവിതത്തെ തലകീഴായി മറിക്കുന്നു. ഇന്നലെ കാക്കനാടും തൃക്കാക്കരയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പുകയാൽ മൂടി. പുകയോടൊപ്പം ഉള്ള കടുത്ത മണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇന്നലെ പകൽ സമയത്ത് ഇവിടങ്ങളിൽ പുകശല്യം കുറവായിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് രാത്രിയിൽ നഗരത്തിൽ പുക നിറഞ്ഞത്. ശ്വാസം മുട്ടൽ മൂലം രാത്രിയിൽ ഒന്ന് കണ്ണടയ്ക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല. വീടുകൾക്ക് ഉള്ളിൽ പോലും പുകയുടെ സാന്നിധ്യം ശക്തമാണ്.
കൂടാതെ, വൈറ്റില-കുണ്ടന്നൂർ ദേശീയ പാതയിൽ പുക കാഴ്ച മറച്ചിരിക്കുകയാണ്. കുണ്ടന്നൂർ, തൃപ്പൂണിത്തുറ, ഇരുമ്പനം, വൈറ്റില മേഖലകളിലും പുകശല്യം രൂക്ഷമാണ്. ഗ്യാസ് ചേംബറിൽപ്പെട്ട അവസ്ഥയാണ് കൊച്ചിയിൽ എന്ന് കേരള ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. ഓരോ ദിവസവും നിർണായകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദേശം. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനിയർ, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്.