സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ
കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാർ ആണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസിടിച്ചായിരുന്നു അപകടം നടന്നത്.
കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലായിരുന്നു അപകടം. സിഗ്നലിൽ നിന്ന് ബസ് അമിത വേഗതയിൽ മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് ബസ് ഇടത് വശം ചേർന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. ബസ്സിനടിയിലേക്ക് വീണ വൈപ്പിന്‍ സ്വദേശി ആന്റണി(46) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അതേസമയം സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുത്തെ മതിയാവൂ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതി തുറന്ന മുറിയില്‍ കണ്ടു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇനി ഒരു മരണം റോഡില്‍ അനുവദിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു.