സുരക്ഷിത മണ്ഡലം ലഭിച്ചില്ല; പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് കെ എം ഷാജി
പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് കെ എം ഷാജി എംഎൽഎ. സുരക്ഷിത മണ്ഡലം തേടിപ്പോകില്ല. വിജിലൻസ് കേസിനെ ഭയമില്ലെന്നും ഷാജി കണ്ണൂരിൽ പറഞ്ഞു.
കണ്ണൂർ, അഴിക്കോട് സീറ്റുകൾ വെച്ച് മാറുന്നതിൽ തീരുമാനമായിട്ടില്ല. പ്ലസ് ടു കോഴ കേസിൽ കെ എം ഷാജി കുടുങ്ങിയതോടെ ഇത്തവണ അഴീക്കോട് മത്സരിക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന കേസ് വിജിലൻസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്
ഇതിനിടെ കണ്ണൂർ മണ്ഡലത്തിലേക്ക് മാറാനും ഷാജി ശ്രമം നടത്തി. എന്നാൽ കണ്ണൂർ ഡിസിസി ഇതിനെ ശക്തമായി എതിർത്തു. കാസർകോട്ടെ സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കവും പാളിയതോടെയാണ് അഴീക്കോട് തന്നെ മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് ഷാജി എത്തിയത്.