കുട്ടനാട് സീറ്റിൽ പാർട്ടി സ്ഥാനാർഥി മത്സരിക്കുമെന്ന് പിജെ ജോസഫ്
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ നേരത്തെ തന്നെ ധാരണയുണ്ട്. പാർട്ടി ചിഹ്നം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അവസാന വാക്കല്ല
വിധി കോടതി സ്‌റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു. യുഡിഎഫിന് വീണ്ടും തലവേദനയുണ്ടാക്കുന്നതാണ് കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള തർക്കം. ജോസ് വിഭാഗത്തെ യുഡിഎഫിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ജോസഫ് സീറ്റിനായി അവകാശ വാദം ഉന്നയിച്ച് വന്നിരിക്കുന്നത്. ജോസ് പക്ഷത്തിന്റെ തീരുമാനമാകും ഇനി നിർണായകമാകുക.
ജോസ് പക്ഷം യുഡിഎഫ് വിട്ടു പോകുകയാണെങ്കിൽ സീറ്റ് ജോസഫിന് തന്നെ നൽകിയേക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ തർക്കം വീണ്ടും മുറുകും. അങ്ങനെ വന്നാൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.
അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് അറിയിച്ചു. സിപിഎമ്മിന്റെ പൂർണപിന്തുണയുണ്ട്. എൻസിപി നേതൃത്വം പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണ്. പാർട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തോമസ് പറഞ്ഞു.