എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ 13ന് തുടങ്ങും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 13ന് തുടങ്ങും. കാസർകോട് നിന്ന് ആരംഭിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി വീണ്ടും എൽ ഡി എഫ് എന്ന മുദ്രവാക്യവുമായാണ് ജാഥ നടക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും യാത്രയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ എറണാകുളത്ത് നിന്ന് 14ന് ആരംഭിക്കും. ഡി രാജ ജാഥ ഉദ്ഘാടനം ചെയ്യും
ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാട് കബളിപ്പിക്കലാണെന്ന് വിജയരാഘവൻ പറഞ്ഞു. ശബരിമല വിഷയത്തിൽ നിയമം നിർമിക്കുമെന്ന് പറയുന്നത് അസാധ്യമായ കാര്യമാണ്. ഇത് കോടതി മുമ്പാകെ നിൽക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു
യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയിൽ പിണറായി വിജയനെ വ്യക്തിഹത്യ നടത്തുകയാണ്. കെ സുധാകരൻ നടത്തിയത് അത്യന്തം ഹീനമായ പ്രസ്താവനയാണ്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു