ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് വേഗത്തിൽ പുറത്തിറക്കാൻ സർക്കാർ
മന്ത്രിസഭ അംഗീകാരം നൽകിയതോടെ ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് വേഗത്തിൽ പുറത്തിറക്കാൻ സർക്കാർ. ഒരാഴ്ചയ്ക്കുള്ളിൽ ഓർഡിനൻസ് പുറത്തിറക്കാനാണ് നീക്കം. പ്രതിപക്ഷം എതിർക്കുന്നുണ്ടെങ്കിലും ചില പ്രതിപക്ഷ പാർട്ടികളിൽ അപ്രതീക്ഷിത പിന്തുണ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും പുറത്താക്കാനുള്ള ഓർഡിനൻസ് വേഗത്തിൽ പുറപ്പെടുവിക്കാനാണ് സർക്കാർ നീക്കം. നിയമവകുപ്പിന് സർക്കാർ ഇതിനായി നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ ഓർഡിനൻസ് പുറത്തിറക്കാനാണ് നീക്കം.
പൂഞ്ചി കമ്മിഷന്റെ ശുപാർശകൾ അംഗീകരിച്ചത് ചൂണ്ടിക്കാട്ടി പഴുതുകൾ അടച്ചായിരിക്കും ഓർഡിനൻസ്. ഇതിനായി സർവകലാശാല നിയമങ്ങളിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയാകുമിത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ സർവകലാശാല നിയമങ്ങളിൽ ഗവർണർ ചാൻസിലറാകണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യും. എന്നാൽ പ്രതിപക്ഷം ശക്തമായ എതിർപ്പാണ് ഓർഡിനൻസിനെതിരെ ഉയർത്തുന്നത്. ഗവർണർക്കെതിരെ വിയോജിപ്പുണ്ടെങ്കിലും ഓർഡിനൻസിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് പ്രതിപക്ഷ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ മുസ്ലീം ലീഗും ആർഎസ്പിയും എന്തു നിലപാട് എടുക്കുമെന്ന ആശങ്ക പ്രതിപക്ഷത്തിനുമുണ്ട്. ഗവർണർക്കെതിരെ ശക്തമായ വിമർശനമാണ് ഇരു പാർട്ടികളും ഉന്നയിച്ചിട്ടുള്ളത്. ഇവരുടെ പിന്തുണ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഓർഡിൻസായാലും ബില്ലായാലും ഗവർണർ ഒപ്പിടുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ഇതുവരെ തടഞ്ഞുവച്ച ബില്ലുകൾ കൂടി ചൂണ്ടിക്കാട്ടിയാകും സർക്കാർ നീക്കം.