സർക്കാർ ഗവർണർ പോരിൽ കക്ഷി ചേരാനില്ല: വി ഡി സതീശൻ
സർക്കാർ ഗവർണർ പോരിൽ കക്ഷി ചേരാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും പ്രതിപക്ഷം യോജിക്കുന്നില്ല. വിസിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവർണറാണ്. ആ തെറ്റ് തിരുത്തണം. അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല ബില്ലിനെ എതിർക്കും.
ഗവർണർക്കും സർക്കാരിനുമിടയിൽ ഇടനിലക്കാരുണ്ട്.ചാൻസലർ എന്ന നിലക്കുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍വകലാശാലകള്‍ സിപിഐഎമ്മിന്റെ ബന്ധുനിയമനത്തിനുളള കേന്ദ്രമായി മാറിയെന്നും ബില്ലുകള്‍ തിരക്കിട്ട് അവതരിപ്പിക്കുന്നത് എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. വിവാദ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. മറ്റന്നാൾ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിലെത്തും.
ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാൻ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമ നിർമാണത്തിനായി പ്രത്യേക നിയമസഭ സെഷൻ വിളിച്ചു ചേർത്തത്.