Sunday, January 5, 2025
Kerala

കുഴിയടച്ചോ, പരിശോധിക്കൂ’; ദേശീയ പാതയിലെ കുഴിയടയ്ക്കൽ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കലക്ടർമാർ പരിശോധിക്കണം. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റേതാണ് നിര്‍ദ്ദേശം. കുഴിയടയ്ക്കൽ ശരിയായ വിധത്തിലാണോയെന്ന് കലക്ടർമാർ ഉറപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരാഴ്ചക്കുളളിൽ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താൻ കോടതി ഇന്നലെ നിർദേശിച്ചിരുന്നു. 

ദേശിയ പാതയുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റക്കുറ്റപ്പണി ഒരാഴ്ചക്കുളളിൽ പൂർത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ കലക്ടർമാർ വെറും കാഴ്ചക്കാരായി മാറരുതെന്ന് നിർദേശിച്ച  കോടതി  മനുഷ്യ നിർമിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളിൽ നടക്കുന്നതെന്നും  കുറ്റപ്പെടുത്തിയിരുന്നു. 

നെടുമ്പാശേരിയിൽ ദേശീയ പാതയിലെ കുഴിയിൽവീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കടുത്ത വിമർശനം. റോഡ് മോശമായതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ ജില്ലാ കലക്ടർമാർ എന്ത് നടപടിയെടുത്തു? ആളുകളെ ഇങ്ങനെ മരിക്കാൻ വിടാൻ കഴിയില്ല. മരിച്ചുകഴിഞ്ഞിട്ടാണോ ഇവർ നടപടിയെടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥർ വെറും കാഴ്ചക്കാരായി മാറരുത്. മനുഷ്യ നിർമിത ദുരന്തങ്ങളാണ് പലപ്പോഴും നമ്മുടെ റോഡുകളിൽ നടക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 

തോരാമഴ കാരണമാണ് ദേശീയ പാത പൊട്ടിപ്പൊളിഞ്ഞതെന്നും കുഴികൾ ഉടൻ അടച്ചുതീർക്കുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. റോഡുകൾ മോശമാണെന്നും ശ്രദ്ധിക്കണമെന്നുമുളള ബോർഡുകൾ വയ്ക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇടപ്പളളി – മണ്ണൂത്തി ദേശീയ പാതയിലെ കരാറുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഒരാഴ്ചക്കുളളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും നിർദേശിച്ചു. ദേശീയ പാതയ്ക്ക് മാത്രമല്ല സംസ്ഥാന പാതകൾക്കും  പ്രാദേശിക റോ‍ഡുകൾക്കും ഇത് ബാധകമാണ്. ജില്ലാ കല്കടർമാർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *