ആര്‍ടി ഓഫിസില്‍ സംഘര്‍ഷം; വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ റിമാന്‍ഡ് ചെയ്തു
കണ്ണൂര്‍: കലക്ടറേറ്റിലെ ആര്‍ടിഒ ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം രൂപമാറ്റം വരുത്തിയെന്നാരോപിച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഇരുവരുമെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
തങ്ങളുടെ വാന്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകര്‍ കണ്ണൂര്‍ ആര്‍ടി ഓഫിസിലെത്തി. വ്‌ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പോലിസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.