ശൈലജയെ മന്ത്രിയാക്കാത്തതിൽ കേന്ദ്രകമ്മിറ്റിയിൽ വിമർശനം
ന്യൂഡൽഹി: ആരോഗ്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവെച്ച കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒഴിവാക്കിയ നടപടിക്കെതിരേ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം. മറ്റു സംസ്ഥാനങ്ങളിലെ ചില പ്രതിനിധികളാണ് ചർച്ചയ്ക്കിടെ കേരള ഘടകത്തിന്റെ ഈ തീരുമാനത്തെ വിമർശിച്ചത്.
മുൻ ധനമന്ത്രി, മുൻ പൊതുമരാമത്തുമന്ത്രി തുടങ്ങിയ മുതിർന്ന നേതാക്കളെ സ്ഥാനാർഥിത്വത്തിൽ നിന്നു മാറ്റിനിർത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു കേരള ഘടകത്തിന്റെ പ്രതിരോധം. ശൈലജയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിനിർത്തിയതിനെപ്പറ്റി ചോദ്യമുയർന്നപ്പോൾ കേരള ഘടകത്തിന്റേതു നയപരമായ തീരുമാനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോടു വ്യക്തമാക്കി.
നിശ്ചിത തവണ മൽസരിച്ച മുൻമന്ത്രിമാരെയും മുതിർന്ന നേതാക്കളെയും സ്ഥാനാർഥികളാക്കിയില്ല. ആ തീരുമാനം ജനങ്ങളും അംഗീകരിച്ചതിന്റെ തെളിവാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് തുടർഭരണം നേടിയ ജനവിധിയെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി.