ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും
ഇരുചക്ര വാഹനങ്ങളിലെ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് 12.30നാണ് യോഗം ചേരുക. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ പോകുമ്പോൾ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പിഴ ഒഴിവാക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് സർക്കാർ നീക്കം. അന്തിമ തീരുമാനം ഉന്നതതല യോഗത്തിൽ നിശ്ചയിക്കും. എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഈടാക്കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ മധു നമ്പ്യാർ 24 നോട് പ്രതികരിച്ചു. വിവാദങ്ങൾ ഊർജം കെടുത്തി. ഉപകരാർ നൽകിയത് എല്ലാ നിയമവും പാലിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൽ നിന്ന് കമ്പനിക്ക് 151 കോടി രൂപ ലഭിക്കാനുണ്ട്. സ്ഥാപിച്ച എല്ലാ ക്യാമറയും എഐ ക്യാമറകൾ ആണ്. ഇത് വിദഗ്ധർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, എഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടംബക്ഷേമ വകുപ്പിൻറെ ചുമതല നൽകി. സുമൻ ബില്ലയ്ക്കാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല. ഐഎഎസ് തലപ്പത്തെ മാറ്റം അന്വേഷണത്തെ ബാധിക്കില്ല. മുഹമ്മദ് ഹനീഷ് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
എഐ ക്യാമറ വിഷയത്തിൽ അഴിമതി നടന്നിട്ടെല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അദ്ദേഹം കണക്കുകൾ സഹിതം ചൂണ്ടികാണിച്ചു. ഇന്ത്യയിൽ ആദ്യമി ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്നത് കേരളമാണ്. ഈ പദ്ധതിക്കായി സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസയും ഇതുവരെ ചെലവാക്കിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.