താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ ഇന്ന് തീരുമാനിച്ചേക്കും
താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. അന്വേഷണവിഷയങ്ങളും മാർഗനിർദേശങ്ങളും ഇന്ന് നിശ്ചയിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത. അപകടസ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയാണ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അപകടം അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘത്തെ കഴിഞ്ഞദിവസം രൂപീകരിച്ചിരുന്നു.
ബോട്ടപകടത്തിൽ അറ്റ്ലാന്റിക് ബോട്ടിലെ സ്രാങ്ക് പിടിയിലായി. താനൂരിൽ നിന്നാണ് സ്രാങ്ക് ദിനേശൻ ഒളിവിലിരിക്കെ പിടിയിലായത്. അപകടം നടന്ന ഉടനെ ഇയാൾ നീന്തി രക്ഷപെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ദിനേശനെ പൊലീസ് ചോദ്യം ചെയ്തുതുടങ്ങി. അതേസമയം ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ കൂടി ഇന്നലെ രാത്രിയോടെ പൊലീസ് പിടിയാലായിട്ടുണ്ട്.
ബോട്ടപകടത്തിൽ ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സർവീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയുള്ള നടപടി. നിസാരവകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നു എന്ന വിമർശനത്തിനിടെയാണ് നാസറിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു.
ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്.എസ് ആണ് സംഘത്തലവൻ.
താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡ്ഡി, താനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജീവൻ ജോർജ് എന്നിവർ അംഗങ്ങളാണ്. ഉത്തരമേഖലാ ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.