അപകട സാധ്യത അറിഞ്ഞിട്ടും സര്‍വീസ് നടത്തി; നാസറിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്
താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി പൊലീസ്. അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് നടപടി. ഒളിവില്‍ കഴിയുന്ന ബോട്ട് സ്രാങ്ക് ദിനേശിനായി അന്വേഷണം ഊര്‍ജിതമാക്കി.
നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നു എന്ന വിമര്‍ശനത്തിനിടെയാണ് നാസറിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ബോട്ട് സ്രാങ്ക് ദിനേശിന് പുറമെ വേറെയും ജീവനക്കാര്‍ ഉള്ളതായി സംശയമുണ്ടെന്ന് എസ്പി പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ബോട്ടിന്റെ കാലപ്പഴക്കം ഉള്‍പ്പടെ കണ്ടെത്തുന്നതിന് കുസാറ്റിന്റെ സാങ്കേതിക സഹായം പൊലീസ് തേടിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി,, താനൂര്‍ ഡിവൈഎസ്പി, കൊണ്ടോട്ടി എഎസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിസാറിനെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.
ഉച്ചക്ക് ശേഷം തിരൂരങ്ങാടി കോടതിയില്‍ പ്രതിയെ ഹാജരാക്കും. അപകടത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സബറുദ്ധീന്‍ മരിച്ചിരുന്നു. ഇയാള്‍ ഔദ്യോഗിക ആവശ്യത്തിനാണ് ബോട്ടില്‍ യാത്ര നടത്തിയത് എന്നും മലപ്പുറം എസ്പി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.