Sunday, April 13, 2025
Kerala

പിഎസ്‌സി ആദ്യ പൊതുപ്രാഥമിക പരീക്ഷ ഇന്ന്‌ ; 6.58 ലക്ഷംപേര്‍ മാറ്റുരയ്ക്കും

തിരുവനന്തപുരം: പ്ലസ് ടു അടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള പൊതുപ്രാഥമിക പരീക്ഷ രണ്ടു ദിവസങ്ങളില്‍. ആദ്യ പരീക്ഷ ശനിയാഴ്ചയും രണ്ടാമത്തേത് 18നും നടക്കും. പകല്‍ 1.30 മുതല്‍ 3.15വരെയാണ് പരീക്ഷ. ആകെ 6,58,513 പേര്‍ പങ്കെടുക്കും. ശനിയാഴ്ച 4,01,238 പേരും 18ന് 2,58,513 പേരും പരീക്ഷയെഴുതും. വിവിധ വകുപ്പുകളില്‍പ്പെട്ട അമ്ബതോളം തസ്തികയിലേക്കാണ് ഈ പരീക്ഷകള്‍.

ആദ്യഘട്ട പരീക്ഷയ്ക്ക് ശേഷം തസ്തികയും വിദ്യാഭ്യാസ യോഗ്യതയും കണക്കാക്കി വ്യത്യസ്തമായ കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കും. ഇവര്‍ക്കായി രണ്ടാംഘട്ട പരീക്ഷ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
ഈ പരീക്ഷ ഒഎംആര്‍ രീതിയിലോ അല്ലെങ്കില്‍ ഓണ്‍ലൈനായോ നടക്കും. രണ്ടാംഘട്ട പരീക്ഷ പൂര്‍ണമായും തസ്തികയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയായിരിക്കും. ഒപ്പം ഉദ്യോഗാര്‍ഥികളുടെ വിദ്യാഭ്യാസയോഗ്യതയെയും അളക്കുന്നതാകും ചോദ്യങ്ങള്‍. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, കമീഷന്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ (അസ്സല്‍) എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തില്‍ പകല്‍ 1.30ന് മുമ്ബ് ഹാജരാകണം. കോവിഡ് ബാധിതരായ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ ജില്ലാ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഫെബ്രുവരി 20, 25, മാര്‍ച്ച്‌ ആറ്, 13 എന്നീ തീയതികളിലായി നടന്ന പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ പ്രാഥമിക പരീക്ഷയില്‍ പത്ത് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തിരുന്നു.
ആര്‍ബിഐ പരീക്ഷയുള്ളവര്‍ക്ക് 18ന്
ശനിയാഴ്ച നടക്കുന്ന പിഎസ്സി പ്രാഥമിക പരീക്ഷയിലും ആര്‍ബിഐ നടത്തുന്ന പരീക്ഷയിലും ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 18ന് പരീക്ഷ എഴുതാം. തെളിവുകള്‍ സഹിതം അപേക്ഷ നല്‍കിയവര്‍ക്കാണ് തീയതി മാറ്റി നല്‍കിയതെന്ന് പിഎസ്സി അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *