Monday, January 6, 2025
Kerala

കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്

കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്. ഇതോടെ ഈ കുടുംബത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. അതിനിടെ രോഗം ഭേദമായ മൂന്ന് പേർ കൂടി ആശുപത്രി വിട്ടു.

പതിമൂന്ന് വയസുകാരനടക്കം ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്‍. നാലു പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. നേരത്തേ രോഗം സ്ഥിരീകരിച്ച 81കാരന്റെ വീട്ടിലുള്ളവരാണ് ഇവർ. ഇതേ വീട്ടിലെ ഷാര്‍ജയില്‍ നിന്നെത്തിയ 11കാരനും കഴിഞ്ഞ ദിവസം വൈറസ്ബാധ കണ്ടെത്തിയിരുന്നു. പതിനൊന്നു വയസുകാരനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ രണ്ട് പേർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ കുടുംബത്തിൽ കൊവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി.

കണ്ണൂർ ജില്ലയില്‍ ഇതുവരെ 64 പേർക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 29 പേര്‍ രോഗം ഭേദമായതിനാൽ ആശുപത്രി വിട്ടു. ജില്ലയില്‍ 8574 പേരാണ് നിരീക്ഷണത്തിലുള്ളത്. 126 സാംപിളുകളുടെ ഫലം ലഭിക്കാനുമുണ്ട്. അതിനിടെ കാസർകോട് സ്വദേശികളായ ആറ് പേർ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നിന്ന് രോഗവിമുക്തി നേടി. രോഗം ബാധിച്ച ഗർഭിണിയായ യുവതിയും അവരുടെ രണ്ട് വയസുള്ള കുട്ടിയും മാതാവും മറ്റൊരു യുവതിയുമാണ് ആശുപത്രി വിട്ടത്. രോഗം മാറിയെങ്കിലും ഗർഭിണിയായ മറ്റൊരു യുവതിയും ഭർത്താവും ആശുപത്രിയിൽ തുടരുകയാണ്.

അതേ സമയം രോഗം ബാധിച്ച മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് 19 ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. നിർദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *