ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും
ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും. പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി.
ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ വാഹന ഉടമകൾക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ തിരിച്ചു കൊടുക്കും.
വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിച്ചു പിഴ ഈടാക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. എജിയുടെ നിയമോപദേശം ലഭിച്ചതിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
അതേസമയം ഈസ്റ്റർ കാലം കണക്കിലെടുത്ത് ലോക്ക് ഡൗൺ പരിശോധനകൾ ശക്തമാക്കാനാണ് പൊലീസ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ ഒരു കാരണവശാലും കടത്തിവിടേണ്ടെന്ന നിർദേശം സംസ്ഥാന പൊലീസ് മേധാവി നൽകിയിട്ടുണ്ട്. കൂടാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അടുത്ത ദിവസങ്ങളിൽ നേരിട്ട് പരിശോധന നടത്തും.