Wednesday, January 8, 2025
Kerala

ആറ്റുകാല്‍ പൊങ്കാല; ഇതുവരെ ശേഖരിച്ചത് 95 ലോഡ് ചുടുകല്ലുകളെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകള്‍ ഇതുവരെ നഗരസഭ ശേഖരിച്ചതായി മേയര്‍ ആര്യാ രാജേന്ദ്രന്‍. രണ്ട് ദിവസത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട ബാക്കി ഇഷ്ടികകള്‍ കൂടി ശേഖരിക്കാനാകുമെന്നും മേയര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് വെക്കുന്നതിനായി കല്ലുകള്‍ സൗജന്യമായി വിതരണം ചെയ്യും.

ഉപേക്ഷിച്ച ചുടുകല്ലുകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 95 ലോഡ് ചുടുകല്ലുകളാണ് ഇതുവരെ നഗരസഭ ശേഖരിച്ചത്. ഇന്നും നാളെയുമായി ബാക്കിയുള്ളവയും ശേഖരിക്കും. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് വെക്കുന്നതിന് കല്ലുകള്‍ സൗജന്യമായി വിതരണം ചെയ്യും. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്ക് കട്ടകള്‍ വിതരണം ചെയ്യുന്നതിനാണ് തീരുമാനം.

ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഇഷ്ടികകള്‍ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കള്‍ തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ നല്‍കണം. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍, ആശ്രയ ഗുണഭോക്താക്കള്‍, വിധവ/വികലാംഗര്‍, മാരകരോഗം ബാധിച്ചവര്‍, കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. നിലവില്‍ 25 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.

പൊങ്കാല ഇഷ്ടികയുമായി ബന്ധപ്പെട്ട് ദുഷ്ടലാക്കോടെ ചിലര്‍ നടത്തിയവ്യാജപ്രചാരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും ഭക്തജനസമൂഹം തള്ളിക്കളഞ്ഞതാണ് പൊങ്കാല ദിവസം കണ്ടതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *