പ്രത്യേക എസ്‌സി-എസ്ടി ടീം ഇല്ല; വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം നഗരത്തിലെ കായികതാരങ്ങള്‍ക്കായി നഗരസഭ ഏര്‍പ്പെടുത്തിയ ടീമിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം നഗരസഭയ്ക്ക് ഒരു ഫുട്‌ബോള്‍ ടീം മാത്രമാണുള്ളത്. എസ്‌സി, എസ്ടി, ജനറല്‍, മറ്റ് കാറ്റഗറികള്‍ എന്നിങ്ങനെ എല്ലാ കുട്ടികളെയും പരിശീലിപ്പിക്കാന്‍ വേണ്ടിയുള്ളതാണിത്. അനാവശ്യമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കുട്ടികളുടെ പരിശീലനത്തിനായുള്ള ഫണ്ട് വിനിയോഗത്തിലാണ് കാറ്റഗറി തിരിച്ചിരിക്കുന്നത്. അല്ലാതെ ടീം രൂപീകരണത്തിനല്ല. നഗരസഭയുടെ ഔദ്യോഗിക ടീമാണ്. അത് ഒരൊറ്റ ടീമേ ഉള്ളൂ. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഈ ടീമായി പ്രഖ്യാപിക്കുക. മേയര്‍ പറഞ്ഞു.
ജനറല്‍ വിഭാഗത്തിന്റെ ഫണ്ട് എല്ലാവര്‍ക്ക് വേണ്ടിയും വിനിയോഗിക്കാം. പക്ഷേ എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ട് മറ്റാര്‍ക്കും വിനിയോഗിക്കാനാകില്ല. അത് എല്ലാവര്‍ക്കുമറിയാം. പല കാറ്റഗറിയില്‍ നിന്നുള്ള ഫണ്ട് വിനിയോഗത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അത് ടീമിനെ വേര്‍തിരിക്കാനുള്ളതല്ലെന്നും ആര്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
നഗരസഭയുടെ സദുദ്ദേശപരമായ തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണെന്ന് മേയര്‍ ഇന്നലെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. അതിവിപുലമായ ഒരു പദ്ധതിയാണ് തയ്യാറെടുക്കുന്നത്. അത്തരം ഒരു പദ്ധതിയെ വിവാദത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മേയര്‍ പ്രതികരിച്ചു.