കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് താരിഖ് അൻവർ; നേമത്ത് വിഷ്ണുനാഥിന് സാധ്യത
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ എംപിമാരുമായി ചർച്ച നടത്തുകയാണ്
സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കും. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ തന്നെ നിർത്തണമെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിർദേശം വന്നത്. നേമത്ത് പിസി വിഷ്ണുനാഥിനെയും വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയുമാണ് പരിഗണിക്കുന്നത്
കാലാകാലങ്ങളായി മത്സരിക്കുന്ന കെ സി ജോസഫിന് ഇക്കുറി സീറ്റുണ്ടാകാൻ സാധ്യതയില്ല. ഉമ്മൻ ചാണ്ടി കെ സി ജോസഫിന് വേണ്ടി പിടിമുറുക്കുന്നുണ്ടെങ്കിലും എംപിമാരുടെ നിർദേശമടക്കം പരിഗണിച്ച് ഹൈക്കമാൻഡ്് ജോസഫിന്റെ പേര് വെട്ടാനാണ് സാധ്യത
തൃപ്പുണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കുന്നതിനെതിരെയും എംപിമാർ പരാതി നൽകിയിട്ടുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണയും ആറൻമുളയിൽ ശിവദാസൻ നായരുമാണ് സാധ്യതാ പട്ടികയിലുള്ളത്. കോന്നിയിൽ അടൂർ പ്രകാശിന്റെ ബിനാമിയെന്ന് ആക്ഷേപമുയർന്ന റോബിൻ പീറ്ററും സ്ഥാനാർഥിത്വം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്.