Sunday, January 5, 2025
National

‘2 തവണ കേന്ദ്രം ഇന്ധന എക്സൈസ് നികുതി കുറച്ചു, കേരളം കുറച്ചില്ല, അധിക സെസ് ഏര്‍പ്പെടുത്തി’ : കേന്ദ്രധനമന്ത്രി

ദില്ലി: സാമ്പത്തിക ഞെരുക്കത്തിന്‍റെ കാരണം കേന്ദ്രമാണെന്ന കേരളമടക്കമുളള സംസ്ഥാനങ്ങളുടെ വാദം തള്ളി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഒരു സംസ്ഥാനത്തിനും കിട്ടേണ്ട ആനുകൂല്യം പിടിച്ചുവച്ചിട്ടില്ലെന്ന് ധനമന്ത്രി ലോക്‍സഭയില്‍ വ്യക്തമാക്കി. ഇന്ധനവില കുറയ്ക്കാതെ അധിക സെസ് ഏര്‍പ്പെടുത്തിയ കേരളത്തിന്‍റെ നടപടിയെ സഭയില്‍ ധനമന്ത്രി ആയുധമാക്കി. ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും സംസ്ഥാനത്തിന് കേന്ദ്രം അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്ന് ആരോപിച്ചിരുന്നു.

എന്നാല്‍ കേന്ദ്രം പിരിച്ച ആരോഗ്യ വിദ്യാഭ്യാസ സെസിനേക്കാള്‍ അധിക തുക സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന വാദവുമായാണ് ധനമനന്ത്രി ആരോപണങ്ങളെ നേരിട്ടത്. കഴിഞ്ഞ വര്‍ഷം 52, 738 കോടി പിരിച്ചെങ്കില്‍, 81, 788 കോടി വിതരണം ചെയ്തു. തൊട്ട് മുന്‍പുള്ള വര്‍ഷം 35, 821 കോടി പിരിച്ചെങ്കില്‍ 69, 228 കോടി വിതരണം ചെയ്തു. രണ്ട് തവണ കേന്ദ്രം ഇന്ധന എക്സൈസ് നികുതി കുറച്ചിട്ടും കേരളം കുറച്ചില്ല. അധിക സെസ് ഏര്‍പ്പെടുത്തിയെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ജിഎസ്ടി കുടിശിക തടഞ്ഞുവെച്ചിരിക്കുന്നുവെന്ന ചില സംസ്ഥാനങ്ങളുടെ ആരോപണവും ധനമന്ത്രി തള്ളി. അക്കൗണ്ടന്‍റ് ജനറലിന്‍റെ സര്‍ട്ടിഫിക്കേറ്റോടെ അപേക്ഷ നല്‍കിയാല്‍ ഉടന്‍ കുടിശിക അനുവദിക്കുമെന്നും അപേക്ഷ ഹാജരാക്കാത്ത സംസ്ഥാനങ്ങള്‍ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയാണെനനും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അടുത്ത മാസത്തെ നികുതി വിഹിതം കൂടി അഡ്വാൻസായി ഇന്നു നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 50 വര്‍ഷത്തെ പലിശ രഹിത വായ്പ അനുവദിക്കുന്നതിന്‍റെ കാലാവധി നീട്ടിയതും സംസ്ഥാനങ്ങളെ കരുതിയാണെന്നും മന്ത്രി അവകാശപ്പെട്ടു.

­

Leave a Reply

Your email address will not be published. Required fields are marked *