പോലീസിന്റെ ഹെൽമെറ്റ് പരിശോധന : ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
കൊല്ലം : ചന്ദനത്തോപ്പിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. പോലീസിനെ കണ്ട് ബൈക്ക് വെട്ടിക്കുമ്പോൾ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു എന്നാരോപിച്ച് പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
രാവിലെ പത്ത് മണിയോടെ കൊല്ലം കൊട്ടാരക്കര ദേശീയ പാതയിൽ ചന്ദനത്തോപ്പിന് സമീപമായിരുന്നു അപകടം. കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരവിപുരം ചകിരിക്കട സ്വദേശി സലീമാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. സലീം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ലോറി തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് കുറച്ച് അടുത്തായി പോലീസ് വാഹനം നിർത്തിയിട്ടിരുന്നു. വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇവിടെ പോലീസ് വാഹനം ഉണ്ടായിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസിനെ കണ്ട ബൈക്ക് യാത്രികൻ തന്റെ വാഹനം വെട്ടി തിരിച്ചതാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ തടിച്ച് കൂടിയത് നേരിയ സംഘർഷത്തിനിടയാക്കി.
നാട്ടുകാർ സംഘടിച്ച് പോലീസ് വാഹനം തടഞ്ഞിട്ടു. തുടർന്ന് കുണ്ടറ സി.ഐ. ജയകൃഷ്ണൻ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. അഡീഷണൽ എസ്.പി മധുസൂദനൻ സംഭവസ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന ഉറപ്പിൻമേൽ നാട്ടുകാർ പോലീസ് വാഹനം വിട്ട് നൽകി.