പിണറായി വിജയനും എം.വി ഗോവിന്ദനും എന്ത് കമ്മ്യൂണിസ്റ്റാണ്; സിപിഐഎം സമ്പന്നരുടെ പിന്നാലെ പോവുകയാണെന്ന് വി.ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എന്തുതരം കമ്മ്യൂണിസ്റ്റാണെന്നും സിപിഐഎം സമ്പന്നരുടെ പിന്നാലെ പോവുകയാണെന്നും വി.ഡി സതീശന്റെ വിമർശനം. കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ എം.വി ഗോവിന്ദൻ ന്യായീകരിച്ചത് ആളുകളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്ല്യമാണ്. പട്ടിണി കിടക്കുന്നവനെ പരിഹസിക്കുന്നതും സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതും അസഹനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുറഹ്മാനെ പോലെ ഒരാളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിനാകെ അപമാനകരമാണ്. ശശി തരൂർ വിഷയത്തിൽ എല്ലാം വിവാദം ആക്കേണ്ടതില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ വേണ്ടയോ എന്നതും എവിടെ മത്സരിക്കണം എന്നതും തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സ്വന്തം നിലയിൽ ആർക്കും ഒന്നും തീരുമാനിക്കാനാവില്ല. ഏത് കോൺഗ്രസ് നേതാവിനെപ്പറ്റി ആരു നല്ലത് പറഞ്ഞാലും അഭിമാനമാണ്. സ്ഥാനാർത്ഥിത്വം ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ ആവില്ല. അക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്.
അഭിപ്രായമുള്ളവർ അത് പാർട്ടിയെ അറിയിക്കുകയാണ് വേണ്ടതെന്നും സതീശൻ വ്യക്തമാക്കി.
ശശി തരൂരിനെ പുകഴ്ത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. ശശി തരൂർ പ്രധാന്മാന്തിയാകാൻ യോഗ്യനാണെന്നും പക്ഷെ ഒപ്പമുള്ളവർ അതിന് അനുവദിക്കില്ലെന്നുമാണ് അദ്ദേഹം വിമർശിച്ചത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ കേരളം കേന്ദ്രീകരിച്ചാണ് ഇനി തന്റെ പ്രവർത്തനമെന്ന് ശശി തരൂർ ഇന്നലെ പറഞ്ഞിരുന്നു. അതിന് മറുപടിയെന്നോണമാണ് സ്ഥാനാർത്ഥിത്വം ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി സതീശൻ രംഗത്തെത്തിയത്.