Thursday, January 9, 2025
Kerala

അവിശ്വസനീയമായ വേർപാട്, പിടി ഇല്ലാത്ത നിയമസഭ ഉൾക്കൊള്ളാനാകുന്നില്ല: വി ഡി സതീശൻ

 

നിലപാടുകളിലെ കാർക്കശ്യമാണ് പി ടി തോമസിനെ എന്നും വ്യത്യസ്തനാക്കിയതെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ വിദ്യാർഥി യുവജന രാഷ്ട്രീയത്തിലെ അഗ്‌നിയായിരുന്നു പി ടി തോമസെന്ന് വി ഡി സതീശൻ അനുസ്മരിച്ചു. ആ അഗ്‌നി ജീവിതാവസാനം വരെ അണയാതെ സൂക്ഷിച്ചു എന്നതാണ് പി ടി തോമസിനെ വ്യത്യസ്തനാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

അവിശ്വസനീയമായ വേർപാടാണ് പി ടി തോമസിന്റേത്. ഈ ഭൂമിയിൽ ജീവിച്ച് കൊതിതീരാതെയാണ് പി ടി തോമസ് നമ്മിൽ നിന്ന് വേർപെട്ടുപോയത്. പി ടി തോമസ് ഇല്ലാത്ത നിയമസഭ യു ഡി എഫിന് ഉൾക്കൊള്ളാനാകുന്നില്ല. മനുഷ്യൻ ചെന്നെത്താൻ ബുദ്ധമുട്ടിയിരുന്ന ഇടുക്കിയിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് കടന്നെത്തിയ പി ടി തോമസ് സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ഇടിമുഴക്കങ്ങളുണ്ടാക്കുകയായിരുന്നു. ഓരോ വിഷയങ്ങളും പഠിച്ച് മനസിലാക്കി സ്വന്തം ബോധ്യങ്ങളുണ്ടാക്കി ആ ബോധ്യത്തിന് വേണ്ടി വാദിച്ചയാളായിരുന്നു അദ്ദേഹം.

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും കേരളത്തിലെ നദീജല കരാറുകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ എടുത്തുപറയേണ്ടതാണ്. സ്വന്തം വാദമുഖങ്ങളെ സമ്പുഷ്ടമാക്കുന്നതിനായി അദ്ദേഹം കൃത്യമായ ഗവേഷണങ്ങൾ നടത്തിയിരുന്നു. ഇതര സംസ്ഥാന ലോട്ടറി മാഫിയക്കെതിരായി അദ്ദേഹം വലിയ പോരാട്ടങ്ങൾ നയിച്ചു. വാത്സല്യത്തോടെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുനടത്തിയവരിൽ ഒരാളാണ് ഞാനെന്ന് അഭിമാനത്തോടെ ഈ അവസരത്തിൽ പറയാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *