Saturday, January 4, 2025
Kerala

കലോത്സവ സ്വാഗതഗാന വിവാദം ഖേദകരം, പരിപാടിയിൽ രാഷ്ട്രീയം ഇല്ലായിരുന്നു; ദൃശ്യാവിഷ്കാരം ഒരുക്കിയ മാതാ കേന്ദ്രം

കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന. പരിപാടിയിൽ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു രാഷ്ട്രീയവും പരിപാടിയിൽ ഇല്ലായിരുന്നു, 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപും സർക്കാർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് .ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് പറഞ്ഞു.

അതിനിടെ സ്വാഗതഗാനത്തിലെ വിവാദ ചിത്രീകരണത്തില്‍ നടപടി വേണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദൃശ്യാവിഷ്‌കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഒരു മുസ്ലിം വേഷധാരിയെ ഇതില്‍ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. ഇത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഐഎം വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *