തൃശൂർ ശക്തൻ നഗറിലെ ആകാശ പാതയിൽ വാഴക്കുലകൾ നാട്ടി കോൺഗ്രസ് സമരം
തൃശൂർ ശക്തൻ നഗറിലെ നിർമ്മാണം പുരോഗമിക്കുന്ന ആകാശ പാത നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്. 5 വർഷമായിട്ടും പദ്ധതി പൂർത്തീകരിച്ചില്ലെന്നും വൻ തുകയാണ് ഇതിനായി ധൂർത്തടിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആകാശപാതയിൽ വാഴക്കുലകൾ നാട്ടിയായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ സമരം.
5 വർഷം മുമ്പാണ് ശക്തൻ നഗർ ജംഗ്ഷനിൽ ആകാശപാത നിർമാണത്തിനുള്ള നടപടി തുടങ്ങിയത്. പദ്ധതി ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 5 കോടി മുതൽ മുടക്കിൽ തുടങ്ങി 16 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഈ തുക ധൂർത്തും ആകാശ പാത അനാവശ്യവും എന്നാണ് പ്രതിപക്ഷ ആരോപണം. കോൺഗ്രസ് കൗൺസിലർമാർ ആകാശപാതയിൽ കുലനാട്ടിയാണ് പ്രതിഷേധിച്ചത്.
ആകാശപാത വിഷുവിന് മുമ്പായി തുറന്നു നൽകുമെന്നാണ് മേയറുടെ പ്രഖ്യാപനം. നിർമ്മാണം അവസാന ഘട്ടത്തിലാണ്. പാർശ്വങ്ങളിൽ ചില്ല് ഭിത്തിയാകും നിർമ്മിക്കുക. പൂർണമായും ശീതീകരിച്ചതാകും പാതയെന്നും മേയർ എം.കെ വർഗീസ് ചൂണ്ടിക്കാട്ടുന്നു.