പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; കുട്ടിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് വൈസ് പ്രിൻസിപ്പൽ
യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജീത്ത്. കുറ്റമറ്റ രീതിയിലാണ് പ്രവേശനം നടത്തുന്നതെന്നും അഡ്മിറ്റ് കാർഡ് വച്ചാണ് ആദ്യ ദിനം അറ്റൻഡൻസ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ വൈകി എത്തിയതിനാൽ ക്ലാസ് ആരംഭിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് ഡോ.കെ.ജി. സജീത്തിന്റെ വിശദീകരണം. വകുപ്പ് മേധാവികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം നടന്നത്. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അറിഞ്ഞത് ഹാജർ പരിശോധിച്ചപ്പോഴാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പരാതി നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പൊലീസിൽ ഇന്നലെ രാത്രി പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന പൊലീസ് പറയുന്നു. വിദ്യാർത്ഥി മലപ്പുറം സ്വദേശിനിയാണ്.