സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി
സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നാളെ രാവിലെ അതാത് കേന്ദ്രങ്ങളിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 29 വാർഡുകളിലായി 102 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 40 പേർ വനിതകൾ. വോട്ടെടുപ്പിനായി 190 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും. ഇവിടെ പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും. മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഉപതെരഞ്ഞിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ നടത്തി ഫലം പ്രഖ്യാപിക്കും.