Monday, April 14, 2025
Kerala

തിരുവനന്തപുരം ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന്

 

തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് വാര്‍ഡ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് വാര്‍ഡ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട് വാര്‍ഡ്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെട്ടുകാട്, ഇടക്കോട് വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളും പോത്തന്‍കോട് പട്ടികജാതി സംവരണ വാര്‍ഡും പൊന്നാംചുണ്ട് പട്ടികവര്‍ഗ സംവരണ വാര്‍ഡുമാണ്.

സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ രാവിലെ 11 മുതല്‍ ഉച്ചക്ക് 3 മണി വരെ വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 22 ആണ്. അന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം ചിഹ്നം അനുവദിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *