കരിപ്പൂരിൽ മൂന്നു വർഷത്തിനിടെ പിടിച്ചത് 500 കിലോയിലേറെ സ്വർണം
കൊണ്ടോട്ടി:വിദേശ രാജ്യങ്ങളിൽ നിന്നു കരിപ്പൂരിലേക്കുള്ള അനധികൃത പൊന്നൊഴുക്കിനു കടിഞ്ഞാണിടാനാകാതെ അധികൃതർ. മൂന്നു വർഷത്തിനിടെ കരിപ്പൂരിൽ മാത്രം 500 കിലോക്ക് മുകളിലാണ് സ്വർണ വേട്ട. 2017-ൽ 79 കിലോ സ്വർണം പിടിച്ച കരിപ്പൂരിൽ 2018-ൽ 176 കിലോ സ്വർണത്തിന്റെ അനധികൃത കടത്താണ് കണ്ടെത്തിയത്.
കഴിഞ്ഞ വർഷം 233 കിലോ സ്വർണവും പിടിച്ചു. ഈ വർഷം ഇതുവരെ 50 കിലോയ്ക്ക് മുകളിലാണ് സ്വർണക്കടത്ത്.
യുഎഇ കേന്ദ്രീകരിച്ചുളള സ്വർണക്കടത്തിന് ഗൾഫിലെ മറ്റുരാജ്യങ്ങളിലും വേരോട്ടമുണ്ട്. സ്വർണ ബിസ്കറ്റുകളേക്കാളേറെ ദ്രവ രൂപത്തിലുളള സ്വർണമാണ് കള്ളക്കടത്ത് സംഘം എത്തിക്കുന്നത്. ആയുർവേദ മരുന്നെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സ്വർണ മിശ്രിതം ഒരുക്കുന്നത്. ഇവകാലിലും അടിവസ്ത്രത്തിലുമാണ് കൂടുതൽ ഒളിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് സാധനങ്ങളിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തുന്നുണ്ട്.
കരിപ്പൂരിൽ കള്ളക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നതും കൂടിവരുന്നു. സ്ത്രീകളെ സംശയിക്കില്ലെന്നും പരിശോധന കുറവാണെന്നുമെന്നുളള ധാരണയാണ് ഇതിനു പിന്നിൽ. സ്ത്രീകളിൽ നിന്നു മാത്രം സ്വർണം പിടിക്കപ്പെട്ട സംഭവങ്ങൾ കരിപ്പൂരിലും നെടുമ്പാശേരിയിലുമാണ് കൂടുതലുള്ളത്. കഴിഞ്ഞ വർഷം കരിപ്പൂരിൽ പിടികൂടിയ സ്വർണത്തിന്റെ 20 ശതമാനവും സ്ത്രീകളിൽ നിന്നായിരുന്നു. ഒരു വർഷത്തിനിടെ സ്ത്രീകൾ കരിയർമാരായ 33 കേസുകളാണ് കരിപ്പൂരിൽ മാത്രം പിടികൂടിയത്. ഇവരിൽ നിന്ന് 10.35 കിലോ സ്വർണമാണ് കണ്ടെത്തിയത്.