നീല,വെള്ള കാർഡുകള്‍ക്കുള്ള സ്പെഷ്യല്‍ അരി വിതരണം നിര്‍ത്തി
തിരുവനന്തപുരം: നീല, വെള്ള കാർഡുകാർക്ക് നൽകിവന്നിരുന്ന സ്പെഷ്യൽ അരി വിതരണം സംസ്ഥാന സർക്കാർ അവസാനിപ്പിച്ചു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലാണ് നീല, വെള്ള കാർഡുകൾക്ക് സ്പെഷ്യൽ അരി വിതരണം നടത്തിയിരുന്നത്. എന്നാൽ ഈ മാസം മുതൽ നീലക്കാർഡുകാർക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോക്ക് നാല് രൂപനിരക്കിലും, വെള്ളക്കാർഡുകാർക്ക് മൂന്ന് കിലോ അരി 10.90 രൂപനിരക്കിലും ആയിരിക്കും ലഭ്യമാവുക.
നീല, വെള്ള കാർഡുകൾക്ക് ഒരുകിലോ മുതൽ മൂന്ന് കിലോവരെ ആട്ട കിലോക്ക് 17 രൂപ നിരക്കിലും ലഭിക്കും. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ മേയ് മുതൽ നീല, വെള്ള കാർഡുകാർക്ക് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കിൽ വിതരണം ചെയ്യാൻ തീരുമാനിച്ചത്. കേന്ദ്രത്തിൽനിന്ന് 22 രൂപക്ക് ലഭിക്കുന്ന അരിയാണ് 50 ലക്ഷത്തോളം കുടുംബങ്ങൾക്ക് 15 രൂപ നിരക്കിൽ നൽകിയത്.
കേന്ദ്ര സർക്കാർ അനുവദിച്ച സൗജന്യ റേഷൻ 21 മുതൽ വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാർഡുകൾക്ക് ആളൊന്നിന് അഞ്ചുകിലോ അരിയും കാർഡ് ഒന്നിന് ഒരുകിലോ കടലയുമാണ് ലഭിക്കുക. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചിരുന്നു. ഇതോടെ വെള്ള, നീല കാർഡുകാർക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല.