Tuesday, January 7, 2025
Kerala

മുതലപ്പൊഴി അപകടം; കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം മത്സ്യബന്ധന ബോട്ടുമറിഞ്ഞു കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മക്കളും വിദ്യാർഥികളുമായ മുഹമ്മദ് ഉസ്മാൻ(19), മുഹമ്മദ് മുസ്തഫ(16), രാമന്തളി സ്വദേശി അബ്ദുൽസമദ്(50) എന്നിവർക്കു വേണ്ടിയാണു തെരച്ചിൽ നടത്തുന്നത്. ശക്തമായ കാറ്റും കടലിലെ അടിയൊഴുക്കും തെരച്ചിലിനു തടസം സൃഷ്ടിക്കുകയാണ്.

ഇന്നലെ പുലർച്ചെ വിഴിഞ്ഞത്തു നിന്നു മുതലപ്പൊഴി തുറമുഖത്ത് എത്തിച്ച രണ്ടു കൂറ്റൻ ക്രെയിനുകൾ അഴിമുഖത്തേക്ക് എെത്തിക്കാനുള്ള ശ്രമം വൈകിയും തുടർന്നു.ക്രെയിനുകൾ അഴിമുഖത്തെത്തിക്കുന്നതിനു പാതയൊരുക്കുന്ന പ്രവർത്തനങ്ങൾ റവന്യു–പൊലീസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടക്കുകയാണ്. അപകടം നടന്ന പുലിമുട്ടിനോടു ചേർന്നുള്ള ഭാഗത്തു ക്രെയിനുകൾ എത്തിച്ചേർന്നാൽ മാത്രമേ ഇവിടെ കുരുങ്ങിക്കിടക്കുന്ന ബോട്ടും വലയടക്കമുള്ള മത്സ്യബന്ധനോപകരണങ്ങളും വീണ്ടെടുക്കാനാവുകയുള്ളൂ.

ഇന്നലെയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളടങ്ങുന്ന സംഘം സ്ഥലത്തു ക്യാംപു ചെയ്യുന്ന ദുരന്ത നിവാരണസേനാംഗങ്ങൾക്കൊപ്പം വലമുറിച്ചു മാറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. കാണാതായ മത്സ്യത്തൊഴിലാളികൾ വലയ്ക്കുള്ളിൽ കുടുങ്ങിപ്പോയതാകാമെന്നാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടവർ നൽകുന്ന സൂചനകൾ.

ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥലത്തെത്താത്തതും വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. വകുപ്പു മന്ത്രിയടക്കം അപകടത്തിൽ പരുക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കാൻ തയാറായില്ലെന്നാണു പരാതി.

Leave a Reply

Your email address will not be published. Required fields are marked *