വീട് കയറി ആക്രമിച്ചിട്ടില്ല; ‘ചെകുത്താനെ’തിരെ മാനനഷ്ടക്കേസ് നൽകി ബാല
കൊച്ചി : ചെകുത്താൻ എന്ന് വിളിക്കുന്ന യുട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നൽകി നടൻ ബാല. അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് അജുവിന് വക്കീൽ നോട്ടീസ് അയച്ചു. താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്ന് ബാല നോട്ടീസിൽ പറയുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തോക്കുമായി വീട്ടിൽ കയറി അക്രമിച്ചു, വീട്ടുപകരണങ്ങൾ നശിപ്പിച്ചു എന്നിങ്ങനെ ആയിരുന്നു അജു അലക്സ് ബാലയ്ക്ക് എതിരെ നടത്തിയ ആക്ഷേപം. ഇത് ചൂണ്ടിക്കാട്ടി അജു പൊലീസിൽ പരാതി നൽകുകയും ബാലയ്ക്ക് എതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് ബാല, അജുവിനെതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.
യുട്യൂബർ തനിക്കെതിരെ അപകീർത്തിപരമായ പ്രസ്താവനയാണ് സോഷ്യൽ മീഡിയ വഴി നടത്തിയിട്ടുള്ളത്. അത് തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവരുടെ ഇടയിലും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രസ്താവനയിൽ, ആക്ഷേപം ഉന്നയിച്ച അതേ പ്ലാറ്റ്ഫോം വഴി പരസ്യമായി ഖേദം പ്രകടിപ്പിക്കണം. അപകീർത്തിയ്ക്ക് ഇടയാക്കിയ വീഡിയോ പിൻവലിക്കണമെന്നും ബാല നോട്ടീസിൽ ആവശ്യപ്പെടുന്നു. അത് മൂന്ന് ദിവസത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകും എന്നും ബാല പറയുന്നു.
ഇതോടൊപ്പം തന്നെ പാലാരിവട്ടം പൊലീസിൽ അജു അലക്സിനെതിരെ ക്രിമിനൽ കേസും ബാല നൽകിയിട്ടുണ്ട്. തനിക്കെതിരെ അജു ഗൂഢാലോചന നടത്തി എന്നാണ് ഈ പരാതിയിൽ ബാല പറയുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടത്തി നടപടി വേണമെന്നാണ് ബാലയുടെ പരാതിയിൽ പറയുന്നത്.