മോൻസൺ മാവുങ്കൽ കേസ്: തെളിവില്ല; ഐജി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്
മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈം ബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. ഇതുവരെ നടന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അറിയിച്ചത്. തട്ടിപ്പിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പങ്ക് അന്വേഷിക്കുന്നു. മോൻസൻ മാവുങ്കലിന്റെ വീടിന് പൊലീസ് സംരക്ഷണം നൽകിയത് സ്വാഭാവിക നടപടിയെന്ന് ക്രൈം ബ്രാഞ്ച് ന്യായീകരിച്ചു.
മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളിൽ ഐ.ജി. ജി. ലക്ഷ്മൺ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ, സിഐ എ. അനന്തലാൽ, എസ്ഐ എ.ബി. വിബിൻ, മുൻ സിഐ പി.ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ല. മുൻ ഡിഐജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ തട്ടിപ്പുകേസിൽ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചില്ല.
അനന്തലാലും, വിബിനും മോൻസൻ മാവുങ്കലിൽ നിന്ന് കടം വാങ്ങുകയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നുവെന്നും, ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. മോൻസൻ മാവുങ്കലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പട്രോളിംഗിന്റെ ഭാഗമായി വീടിന് മുന്നിൽ പോയിന്റ് ബുക്ക് വച്ചത്. പ്രത്യേക പൊലീസ് സുരക്ഷ നൽകിയിട്ടില്ല. പന്തളം പൊലീസ് സ്റ്റേഷനിലെ തട്ടിപ്പു കേസിൽ ഐ.ജി. ജി. ലക്ഷ്മൺ ഇടപെടാൻ ശ്രമിച്ചുവെന്നത് വസ്തുതയാണ്. എന്നാൽ ആ ശ്രമങ്ങൾ വിജയിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.