വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന് ഷാർജ ഭരണാധികാരി
ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് ധനസഹായവുമായി ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രംഗത്ത്. വീടുകളിൽ വെള്ളം കയറിയതോടെ ഹോട്ടലുകളിലും താൽക്കാലിക കേന്ദ്രങ്ങളിലും താമസിക്കേണ്ടി വന്നവർക്കാണ് 50,000 ദിർഹം ( 10 ലക്ഷം രൂപ ) വീതം സഹായം നൽകുന്നത്.
65 കുടുംബങ്ങൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. ദുരിതബാധിതർക്ക് അവരവരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനുവേണ്ടിയാണ് 50,000 ദിർഹം നൽകുന്നത്. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മറിയാണ് പ്രഖ്യാപനം സംബന്ധിച്ച് അറിയിപ്പ് പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയത്.
യു.എ.ഇയിലെ കിഴക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ എഷ്യൻ വംശജരായ ഏഴുപേർ മരിച്ചിരുന്നു. ഹോട്ടലുകളിൽ ദുരന്ത ബാധിതർക്ക് താമസസൗകര്യം ഒരുക്കിയിരുന്നു. അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്. ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത് കൽബയിലാണ്. റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.