പ്ലാസ്റ്റിക് നിർമിത ദേശീയപാതകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം; നിർദേശവുമായി കേന്ദ്രസർക്കാർ
പ്ലാസ്റ്റിക് നിർമിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
രാജ്യത്തെ പ്രധാന സാംസ്‌കാരിക, കായിക പരിപാടികളിലടക്കം കടലാസ് പതാകകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുന്ന പതാകകൾ വലിച്ചെറിയരുത്. സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിർത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.