ലീഗ് തീരുമാനം തിരിച്ചടിയല്ല, ഭാവിയിലെ പോരാട്ടങ്ങളില്‍ ഒപ്പം ചേരാന്‍ കഴിയുമെന്നാണ് ലീഗ് പോലും പറഞ്ഞുവയ്ക്കുന്നത്: എം വി ഗോവിന്ദന്‍
ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറിലേക്കുള്ള ക്ഷണം മുസ്ലീം ലീഗ് സ്വീകരിക്കാത്തതില്‍ പ്രതികരണമറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുസ്ലീം ലീഗ് തങ്ങളുടെ ക്ഷണം നിഷേധിച്ചത് തിരിച്ചടിയല്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. സമരമുഖത്തിന്റെ തുടക്കം മാത്രമാണിത്. തുടര്‍ച്ചയായ പോരാട്ടങ്ങള്‍ നടത്തേണ്ടിവരും. അതില്‍ ഭാവിയില്‍ എല്ലാവര്‍ക്കും ചേരാന്‍ കഴിയും എന്നാണ് മുസ്ലിം ലീഗ് പോലും ഇപ്പോള്‍ പറഞ്ഞു വെക്കുന്നത്. എല്ലാവരും പങ്കെടുക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടെടുക്കുമ്പോള്‍ അവരെ ഒപ്പംകൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചത്. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒരു സെമിനാര്‍ മാത്രമായി ചുരുക്കരുതെന്നും പാണക്കാട്ടെ നേതൃയോഗത്തിന് ശേഷം ലീഗ് നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മാറ്റിനിര്‍ത്തിയ ഒരു സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ഭാവിയില്‍ ദോഷം ചെയ്യുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മുന്നോട്ടുപോകാനാകില്ല. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ലീഗ് സെമിനാര്‍ നടത്തുമെന്നും ഇതിനായി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.