കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത് 8 തവണ; ഹൈക്കോടതിയും കൈവിട്ടതോടെ ജയിൽ ചാട്ടം
കോട്ടയം സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെപ്പറ്റി സൂചന ലഭിച്ചതായി ഡിവൈഎസ്പി. ജയിൽ ചാടിയ ശേഷം പ്രതി പോയത് സുഹൃത്തിന്റെ അടുത്തേക്കാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 8 തവണ പ്രതി കൊടുത്ത ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇന്നലെ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇയാൾ ജയിൽ ചാടിയത്.
പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലെ നാലാം പ്രതി ബിനുമോനാണ് പൊലീസുകാരെ കബളിപ്പിച്ച് ജയിൽ ചാടിയത്. യുവാവിനെ തല്ലിക്കൊന്ന കേസിൽ അകത്തായ ബിനുമോൻ സബ് ജയിലിലെ അടുക്കളയുടെ ഭാഗം വഴിയാണ് കടന്നുകളഞ്ഞത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ചാണ് ഇയാൾ യുവാവിനെ തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.
സബ് ജയിലിലെ അടുക്കളയിൽ പലക വെച്ച്, അതുവഴിയാണ് ബിനുമോൻ രക്ഷപ്പെട്ടത്. മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നാണ് പൊലീസിൻ്റെ അനുമാനം. കെകെ റോഡിൽ എത്തിയ ഇയാൾ ഏതെങ്കിലും വാഹനത്തിൽ കയറി സ്ഥലം വിട്ടിരിക്കാം എന്നാണ് പൊലീസിൻ്റെ നിഗമനം. രാവില സെല്ലിൽ നിന്നും ഇറക്കിയ ശേഷം അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇയാൾ മുങ്ങിയത്.