കൊവിഡ് വ്യാപനം: മാസ് വാക്‌സിനേഷൻ പദ്ധതി ലക്ഷ്യമിടുന്നു; ഏപ്രിൽ മാസം നിർണായകമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ പദ്ധതി വിപുലീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ക്രഷിംഗ് കർവ് എന്ന പേരിൽ മാസ് വാക്‌സിനേഷൻ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവർക്കും വാക്‌സിൻ നൽകും.
ആവശ്യമുള്ളയത്രയും വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ള നല്ല ശതമാനം ആളുകൾക്കും വാക്‌സിൻ നൽകി. ശേഷിക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ വാക്‌സിൻ ഉറപ്പുവരുത്തും. സംസ്ഥാനത്ത് 11 ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സീറോ സർവേ. കൊവിഡിന്റെ രണ്ടാംതരംഗത്തിൽ 89 ശതമാനം പേർക്കും രോഗമുണ്ടാകാൻ സാധ്യതയേറെയാണ്
കൊവിഡ് വ്യാപനം മുന്നിൽക്കണ്ട് ശക്തമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. എല്ലാ ആശുപത്രികളിലും സൗകര്യങ്ങൾ വർധിപ്പിക്കും. ആവശ്യമെങ്കിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജീകരിക്കും. തെരഞ്ഞെടുപ്പ് കാലത്ത് ആൾക്കൂട്ടം പലയിടങ്ങളിലും രൂപപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല. ഏപ്രിൽ മാസം നിർണായകമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.