Tuesday, April 15, 2025
Kerala

‘മറ്റൊരു രാജ്യത്ത് പോയി പുതിയ ജീവിതം തുടങ്ങാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തു’; പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌നാ സുരേഷ്

തന്നെ കൊലപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. മറ്റൊരു രാജ്യത്ത് പുതിയൊരു ജീവിതം തുടങ്ങാൻ 30 കോടി നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നും കേരളം വിട്ട് പോകണമെന്നും മുഖ്യമന്ത്രിക്ക് വേണ്ടി സ്വപ്നയെ കാണാനെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് എത്തിയ വ്യക്തി തന്നോട് പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തി.

‘മൂന്ന് ദിവസം മുൻപ് വിജയ് പിള്ള എന്ന വ്യക്തി എന്നെ ഫോൺ ചെയ്തു. ഒരു ഇന്റർവ്യൂ എടുക്കാനാണ് എന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. അദ്ദേഹം പറഞ്ഞ ഹോട്ടലിൽ മക്കളുമൊത്ത് ഞാനെത്തി. പക്ഷേ അതൊരു സെറ്റിൽമെന്റ് ടോക്ക് ആയിരുന്നു. ഒരാഴ്ചത്തെ സമയം സ്വപ്‌നയ്ക്ക് തരാം. ഹരിയാനയിലോ ജയ്പൂരിലോ പോകൂ. അവിടെ ഫ്‌ളാറ്റ് എടുത്ത് തരാം. സ്വപ്‌നയുടെ കൈവശം ഉള്ള വീണയുടേയും കമലാ മാഡത്തിനുമൊക്കെ എതിരെയുള്ള തെളിവുകൾ കൈമാറണം. ഹരിയാനയിലേക്കോ, ജയ്പൂരിലേക്കോ പോകണം. ബംഗളൂരു വിടാൻ ഉദ്ദേശം ഇല്ലെങ്കിൽ പിന്നെ മറ്റൊരു സന്ധിസംഭാഷണം ഉണ്ടാകില്ലെന്നും കൊന്ന് കളയുമെന്നും പറഞ്ഞു. വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ സംസാരിക്കുന്നതിന് ജനങ്ങളോട് കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് മുങ്ങണം. പിന്നീട് മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുള്ള സൗകര്യം ചെയ്ത് തരാം. മുപ്പത് കോടി രൂപയാണ് അവർ വാഗ്ദാനം ചെയ്തത്. സ്വപ്‌നാ സുരേഷ് പിന്നീട് എവിടെയുണ്ടെന്ന് ആരും അറിയരുത്. പുതിയൊരു ജീവിതം തുടങ്ങാൻ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷും മുഖ്യമന്ത്രിയും സഹായിക്കും. യുസഫ് അലിയുടെ പേര് എവിടെയും ഉപയോഗിക്കരുത്. എന്റെ ബാഗേജിനകത്ത് യുസഫ് അലി വിചാരിച്ചാൽ മയക്ക് മരുന്ന് പോലുള്ള വസ്തുക്കൾ വയ്ക്കാൻ സാധിക്കും. രാമലീലയിൽ ദിലീപ് മരിച്ച് പോകുന്നതായി അഭിനയിച്ച് മറ്റൊരു രാജ്യത്ത് പോയി താമസിക്കുന്നത് പോലെ സ്വപ്‌നയും പോകണമെന്നാണ് അവർ ഭീഷണിപ്പെടുത്തിയത്. സ്വപ്‌നയ്ക്ക് ഒരച്ഛനെയുള്ളു. അവസാനം വരെ ഞാൻ കേസുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രിയെ മനഃപൂർവം അകപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ട എനിക്കില്ല. ജനങ്ങളെ പറ്റിക്കാൻ ഉദ്ദേശവുമില്ല. . ജീവനുണ്ടെങ്കിൽ ഉറപ്പായും മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ സൂക്ഷിച്ചിട്ടുണ്ട്, കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്. നിങ്ങളുടെ തനിനിറം വെളിയിൽ കൊണ്ടുവന്നിരിക്കും ഞാൻ. ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല’- സ്വപ്‌നാ സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *