സ്വർണ്ണക്കടത്ത്; സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. അഭിഭാഷകൻ രാഗേഷ് കുമാർ വഴിയാണ് സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ഇന്ന് ഉച്ചതിരിഞ്ഞാണ് അഭിഭാഷകൻ വഴി സ്വപ്‌ന ജാമ്യാപേക്ഷ നൽകിയത്. കേസിൽ സ്വപ്‌നയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിലാണെന്നാണ് സൂചന.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.