ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്
കാസർകോട്: സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കു വഹിക്കും.
മറ്റ് തടസ്സങ്ങളില്ലെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷം തന്നെ ഒമ്പത് റെയില്‍വേ മേല്‍പ്പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപമെന്റ് കോര്‍പറഷന്‍ കേരള പൂര്‍ത്തിയാക്കും. റെയില്‍വെ സമയബന്ധിതമായി സഹകരിച്ചാല്‍ 2023 ല്‍ തന്നെ ഈ പാലങ്ങളിലൂടെ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.
72 റെയില്‍വെ മേല്‍പ്പാലങ്ങളാണ് നിര്‍മിക്കാന്‍ പോകുന്നത്. അതില്‍ 66 എണ്ണം കിഫ്ബി പദ്ധതിയാണ്. ആറ് മേല്‍പ്പാലങ്ങള്‍ പ്ലാന്‍ ഫണ്ടിലൂടെയും നിര്‍മിക്കും. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ മറ്റേത് തടസങ്ങളുണ്ടെങ്കിലും തുടര്‍ നടപടിയിലൂടെ മാറ്റിയെടുത്ത് മുന്നോട്ട് കൊണ്ടുപോയി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം തീരദേശ മേഖലയുടെ പുരോഗതിക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയുമായിരുന്ന പരിപാടിയിൽ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, മുന്‍ എംപി പി.കരുണാകരന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, നഗരസഭാധ്യക്ഷ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ എന്നിവര്‍ പങ്കെടുത്തു.
ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ ടി.എസ്.സിന്ധു റിപ്പോര്‍ട്ടും സതേണ്‍ റെയില്‍വേ സി എ ഒ രാജേന്ദ്ര പ്രസാദ് ജിങ്കാര്‍ റെയില്‍വേ പങ്കാളിത്ത റിപ്പോര്‍ട്ടും അവതരിപ്പിച്ചു.