ഷൈലജ ടീച്ചറുടെ ആ കോൾ ഞാൻ മറക്കില്ല; സൂര്യ
ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചർ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും തമിഴ് താരം സൂര്യ. ഷൈലജ ടീച്ചറെ ഒരു റോൾ മോഡലും സൂപ്പർ സ്റ്റാറുമൊക്കെയായാണ് ഞങ്ങൾ കാണുന്നത്. ടീച്ചർ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണത് -കൊച്ചിയിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സൂര്യ പറഞ്ഞു.
കേരളം എല്ലാ കാര്യത്തിലും മറ്റുളളവർക്ക് മാതൃകയാണെന്നും സൂര്യ പറഞ്ഞു. സമൂഹിക മാറ്റത്തിന്റെ കാര്യത്തിലായാലും സിനിമയുടെ കാര്യത്തിലായാലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. ഹൈദരാബാദോ മുംബൈയിലോ എവിടെ പോയാലും മലയാള സിനിമകളെ കുറിച്ചാണ് കൂടുതൽ ചർച്ചകളും നടക്കാറ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ജോജിയും തുടങ്ങി മിന്നൽ മുരളി വരെയുള്ള ചിത്രങ്ങൾ അക്കാര്യം വ്യക്തമാക്കും. ആ വഴിയിലുള്ള ഞങ്ങളുടെ ശ്രമമാണ് ജയ് ഭീം പോലുള്ള ചിത്രങ്ങൾ -അദ്ദേഹം കൂട്ടിച്ചേർത്തു.